
കൊച്ചി: കാലടി സർവകലാശാലയിൽ ശങ്കര ജയന്തി ആഘോഷ പരിപാടിയിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്ക് പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് വകുപ്പ് മേധാവിയുടെ ഭീഷണി. സംസ്കൃതം വ്യാകരണം വിഭാഗം മേധാവിയാണ് വിദ്യാർത്ഥികളുടെ വാട്സാപ് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ചത്. വകുപ്പിൽ നടക്കുന്ന യാത്രയയപ്പ് പരിപാടിയിലും, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പങ്കെടുക്കുന്ന പരിപാടിയിലും സാന്നിധ്യം ഇല്ലെങ്കിൽ അതിൻ്റെ ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നുമാണ് അധ്യാപകൻ സുനിൽകുമാർ ആർ ഡിയുടെ ശബ്ദ സന്ദേശം. പി എച്ച് ഡി കോഴ്സ് വൈവയിലും ഇക്കാര്യങ്ങളെല്ലാം പ്രതിഫലിക്കുമെന്നും ഗവേഷകർ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്കുള്ള ശബ്ദ സന്ദേശത്തിൽ അധ്യാപകൻ പറയുന്നു.
അതേസമയം, സദുദ്ദേശത്തിലാണ് അത്തരം ഓഡിയോ ഗ്രൂപ്പിൽ അയച്ചതെന്നാണ് അധ്യാപകന്റെ വിശദീകരണം. വിദ്യാർത്ഥികൾ വകുപ്പുമായി സഹകരിക്കാത്തത് അക്കാദമികമായും ബാധിക്കുമെന്നും അതുകൊണ്ടാണ് നിർബന്ധമായും പങ്കെടുക്കണമെന്ന് വിദ്യാർത്ഥികളുടെ ആവശ്യപ്പെട്ടതെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു.
ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലർ നേരത്തെ വിവാദമായിരുന്നു. ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ഗവർണർ എത്തുന്ന പരിപാടിക്ക് കർശന നിർദേശങ്ങളോടെ ആയിരുന്നു സർക്കുലർ പുറത്തിറക്കിയത്. പരിപാടിക്ക് ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണം, മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണം, പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണം, പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണം, ഗവർണർ മടങ്ങും വരെ ആരും ഹാൾ വിട്ടു പുറത്ത് പോകരുത് തുടങ്ങി കർശന നിർദേശങ്ങളായിരുന്നു സർക്കുലറിൽ ഉൾപ്പെടുത്തിയിരുന്നത്. വിവാദമായതിന് പിന്നാലെ കാലടി സർവകലാശാല സർക്കുലർ പിൻവലിച്ചിരുന്നു.










